വഴക്കുപക്ഷി

ജാലകം

Tuesday, 24 February 2015

ഓവുചാലിലെ വിശുദ്ധ.



 


1991-ൽ ഞാൻ കൽകട്ടയിൽ ഇൻഡ്യൻ റെയിൽവേയുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന സമയം. വടക്കൻ കൊൽകത്തയിലെ ടിറ്റാഗഡ്  (മനില കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം ഇതാണ് പോലും.) എന്ന ഇടത്തെ ഒരു  സൈറ്റിൽ പതിവായി പോകണമായിരുന്നു. 

റയിൽവേസ്റ്റേഷനിൽ നിന്നും സൈറ്റിൽ പോകുന്ന വഴിയിൽ ആയിരുന്നു “ഗാന്ധി പ്രേം നിവാസ് ലെപ്രസി സെന്റർ” എന്ന 1958-ൽ മദര്‍ തെരേസ സ്ഥാപിച്ച കുഷ്ഠരോഗികൾക്കുള്ള പുനരധിവാസകേന്ദ്രംവളരെ ഏറേ എളിയ രീതിയിലാണ് മിഷിനറി  ഓഫ് ചാരിറ്റിയിലെ സന്നദ്ധസേവികമാർ അവിടെ കഴിഞ്ഞിരുന്നത്.  മൂന്നു കോട്ടൻ സാരി രണ്ടോമൂന്നോ മുഴുക്കൈയ്യൻബ്ലൗസ്സുകൾ ഒരു കുരിശ്ശുമാല, ഒരു ജോഡി ചെരുപ്പ് അങ്ങിനെ വിലകുറഞ്ഞ വളരെ കുറച്ചു സാധനങ്ങൾ മാത്രം; ആർക്കായാലും ബഹുമാനവും മതിപ്പും തോന്നും, തീർച്ച.

നൂറുകണക്കിനു കുഷ്ഠരോഗികൾക്ക് താമസിക്കാൻ കെട്ടിടങ്ങൾ, ആശുപത്രി, കൃത്രിമകൈകാലുകൾ വച്ചുപിടിപ്പിക്കുന്ന കേന്ദ്രം, കൃഷി സ്ഥലം, കോഴി,പന്നിവളർത്തു കേന്ദ്രം ഇവയൊക്കെ ചേർന്ന് ഏകദേശം ഒന്നൊന്നര കിലോമീറ്റർ നീളത്തിൽ നീണ്ടുനിവർന്നുകിടക്കുന്നു.

ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു; പിരിഞ്ഞുകിട്ടുന്ന വിദേശപണത്തിന്റെ ഒരു കണക്കും സർക്കാരിനു സമർപ്പിക്കുന്നില്ല; ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരി ആയിരുന്നതിനാലാണ് ഒരു കേന്ദ്രസർക്കാരും നടപടിയൊന്നും എടുക്കാത്തത്.…. ആരോപണങ്ങൾ അന്നേ ഉണ്ടായിരുന്നു.

അഗതികളുടെ  കണ്ണീരൊപ്പുന്നത് ബംഗാൾ സർക്കാരിന്റെ ജോലി അല്ലേഅല്ല എന്നുവരെ തോന്നിപ്പോകും. ഏതായാലും ജ്യോതിബസു സർക്കാരും എല്ലാ സഹായസഹകരണങ്ങളും മദറിനന്ന്  നൽകുന്നുമുണ്ടായിരുന്നു. അക്കാലത്ത് സിപ്പിയെമ്മിന്റെ റാലി നടക്കുമ്പോൾ, പോലീസ് ഐജിയുടെ വാഹനം വരെ റാലി കഴിയുന്നവരെ കാത്തിരിക്കുമ്പോൾ മിഷിനറി ഓഫ് ചാരിറ്റിയുടെ ആംബുലൻസിൽ മദർ വരുമ്പോൾ ബന്ദ്ദിന റാലി വരെ മുറിച്ച് വഴി കൊടുക്കുമായിരുന്നു!.

മദര്‍ തെരേസയുടെ സേവനങ്ങള്‍ ഏതെങ്കിലും ലക്ഷ്യത്തോടെയുള്ളതാണെങ്കില്‍ തങ്ങളുടെ സേവനങ്ങള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ആണെന്നുമാണ് മോഹന്‍ ഭാഗവത് ഭരത്പുരില്‍ അപ്ന ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കവേ ഈ അടുത്ത ദിവസം പറഞ്ഞത്. അങ്ങാടിയിൽ(ദില്ലിയിൽ) തോറ്റതിനു് 'അമ്മ'യോട് എന്നു കരുതിയാൽ മതി.

ഇതിനു മുമ്പും മറ്റുപലരും ഇതുമാതിരിയോ ഇതിലും കൂടുതലോ പറഞ്ഞിട്ടുണ്ട്, പക്ഷേ അന്നൊന്നും ഇത്ര വിവാദമായില്ലാ എന്നുമാത്രം.

വിവാദങ്ങൾ ഒരു വ്യവസായമായത് ഈ അടുത്തകാലത്ത് മാത്രമാണല്ലോ ചാനൽചർച്ച, റ്റ്വിറ്റർ, ഫേസ്ബുക് അന്നില്ലാതിരുന്നത് മദറിന്റെ ഭാഗ്യം എന്നേ കരുതാൻ പറ്റൂ.


 1995  ൽ   പ്രസിദ്ധീകരിച്ച ‘The Missionaryposition.Mother Teresa in theory and practice ’ എന്ന പുസ്തകത്തിൽ ‘Christofer Hitchens’ എന്ന (അന്തരിച്ച) ബ്രിട്ടീഷ്-അമേരിക്കൻ പത്രപ്രവർത്തകൻ  മദർ തെരേസ്സയെക്കുറിച്ച് കാര്യകാരണസഹിതം വിശദമായി വിമർശ്ശിച്ചിട്ടുണ്ട് , അന്നൊന്നും ലോകത്താരും ഒരു കോലാഹലവും ഉണ്ടാക്കിയില്ല.

മദർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞു “ഏഴകൾ തങ്ങളുടെ കഷ്ട്ടപ്പാടുകൾ ഒരുവിധിയാണെന്നുകരുതി യേശുവിന്റെ പീഠാനുഭവവുമായി പങ്കുവയ്ക്കുന്നതാണ് ഭംഗി. ഏഴകളുടെ സഹനം ലോകത്തെ വളരെ അധികം സഹായിക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു  ”


ദരിദ്രരെ സഹായിക്കാനല്ല മറിച്ചവരുടെ ദാരിദ്ര്യം മാർക്കറ്റ് ചെയ്യൽ ആയിരുന്നു അവരുടെ ലക്ഷ്യം എന്ന് പണ്ട് മുതലേ ആരൊപണം ഉണ്ടായിരുന്നു.മതം മാറ്റൽ ആരൊപണവും ഉണ്ടായിരുന്നുവെന്ന് പ്രത്യേകം പറയണ്ടകാര്യമില്ലല്ലോ?

ചെയ്ത പ്രവൃത്തികൾ പെരുപ്പിച്ചുകാണിച്ച് വലിയ തുകകൾ സംഭാവനയായി യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും സ്വീകരിച്ചു. 
തട്ടിപ്പുകാരിൽ നിന്നും വരെ വലിയ തുകകൾ സംഭാവനയായി സ്വീകരിച്ചു (തൊഴിലാളികളുടെ പിഎഫ് തുക തട്ടിയ മുൻ ബ്രിട്ടീഷ്  എംപി  ഇവാൻ റൊബർട്ട് മാക്സ് വെൽ , അമേരിക്കയിലെ ബാങ്ക്തട്ടിപ്പുവീരൻ ചാൾസ് കീറ്റിംഗ് തുടങ്ങിയവർ.തട്ടിപ്പു നടത്തിക്കിട്ടിയ തുകയാണന്നറിഞ്ഞതിനു ശേഷവും പണം തിരികേ നൽകാൻ മദർ കൂട്ടാക്കിയില്ലത്രേ? ). സംഭാവനകിട്ടിയ പണത്തിൽ വലിയഭാഗം വത്തിക്കാനിലേക്ക് അയച്ചു എന്നും ചിലർ പറയുന്നു.
പണമില്ലാത്തതിനാലാണോ എന്നറിയില്ല പുനരധിവാസകേന്ദ്രങ്ങൾ വളരെ വൃത്തിഹീനവും, അന്തേവാസികൾക്ക് കൊടിത്തിരുന്ന വൈദ്യശുശ്രൂഷ വളരെ പരിതാപകരവും ആയിരുന്നു. മരണാസന്നർക്കു വേദന സംഹാരികൾവരെ വാങ്ങിച്ചു വയ്ക്കാറില്ല പോലും. "യേശുവിന്റെ പീഠാനുഭവവുമായി പങ്കുവയ്ക്കുന്നതാണ് ഭംഗി" എന്ന പ്രസ്താവന ഇവിടെ പലരും കൂട്ടി വായിക്കുന്നു(

ബ്രിട്ടീഷ് പൗരത്വമുള്ള ഡോഃഅരൂപ് ചാറ്റർജി പറഞ്ഞത് മദർ കൽകട്ടക്കാരെ നാറ്റിക്കുന്നു എന്നു തന്നെയാണ്. കയ്യിൽ എത്ര പണമുണ്ടായിട്ടും നിസ്സാരമായ വൈദ്യശുശ്രൂഷയേ മിഷിനറീസ് ഓഫ് ചാരിറ്റി നൽകിയിരുന്നതത്രേ. ആരൊപണശരങ്ങൾ പുസ്തകരൂപത്തിലും  പിന്നീട് ബ്രിട്ടീഷ് ടെലിവിഷനിൽ ഡോക്യുമെന്‍ററിയായും ഇറങ്ങി.പിന്നീടാണ് ക്രിസ്റ്റൊഫർ ഹിച്ചൺസിന്റെ പുസ്തകം ഇറങ്ങുന്നത്. ഇൻഡ്യയിൽ പല പത്രങ്ങളിലും വാരികകളിലും പുതിയആരോപണങ്ങൾ വന്നിരുന്നു.
Mother Teresa did not serve the poor in Calcutta, she served the rich in the West ഇത് പറഞ്ഞത് മറ്റാരും അല്ല, നമ്മുടെ സനൽ ഇടമറുക് തന്നെ.


ആര് എന്തു പറഞ്ഞാലും പ്രശ്നമില്ല, പുഞ്ചിരിയോടെ നിങ്ങളുടെ ജോലി ചെയ്യൂ( "No matter who says what, you should accept it with asmile and do your own work".) എന്നാണ് മദർ ആരൊപണങ്ങളോട്  അന്ന് പ്രതികരിച്ചത്.

സൈബർ ലോകത്തിലും മറ്റും അമിതപ്രതികരണം നടത്തുന്നവർ  മദർ തെരേസയുടെ (ഓവുചാലിലെ വിശുദ്ധ എന്നാണു റ്റൈം വാരികയടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്!!) വില കൂടുതൽ  ഇടിച്ചുതാഴ്ത്താനേ വഴിയൊരുക്കുന്നത്.




paravuranil 25II2015 

Monday, 16 February 2015

ആറെസ്സസ്സ്ഗുണ്ടകൾ ഒറ്റപ്പദമാകുമ്പോൾ.

ഹൊസൂരിനറടുത്ത് നാലു മലയാളികളടക്കം ഒമ്പത്  ജീവൻ പൊലിഞ്ഞ വെള്ളിയാഴ്ച്ചത്തെ ബംഗലൂരു എറണാകുളം  തീവണ്ടിയപകടം ആരും വിചാരിക്കാത്ത ചെറിയൊരു വിവാദത്തിലേക്ക് നമ്മളെ എത്തിക്കുന്നു


വിജനമായ സ്ഥലത്താണ് അപകടം നടന്നത്. ഇത് സർക്കാർ (പോലിസ്, ദുരന്ത നിവാരണസേന) രക്ഷാപ്രവർത്തനങ്ങൾ വൈകിച്ചു. രക്ഷാപ്രവർത്തനത്തിന് ആദ്യം പാഞ്ഞെത്തിയവരിൽ നാട്ടുകാരും സേവാഭാരതി (ആറെസ്സസ്സ്) പ്രവർത്തകരും ഉണ്ടായിരുന്നെത്രേ  അതൊരു  നല്ല കാര്യം തന്നെ ,സംശയമില്ല . മനുഷ്യത്വം തീരെ വറ്റാത്ത ആരും ഇത്തരം അവസരത്തിൽ ചെയ്യുമായിരുന്ന കാര്യം മാത്രമാണ് അവരും അപ്പൊഴവിടെ ചെയ്തത് 

ഇത്തരം കാര്യങ്ങളിൽ മുൻപരിചയവും, പരിശീലനവും ലഭിച്ച അവർക്ക് സംഘടിത രക്ഷാപ്രവര്‍ത്തനം അനായസ്സമായിരുന്നു എന്നു മാത്രം. പോലിസ്, ദുരന്ത നിവാരണസേനക്കരുടെ പണി എളുപ്പമായി.



അപകട സ്ഥലങ്ങളിൽ നമ്മൾ  ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? 100/ 101/ 102 ൽ ഫോൺ ചെയ്യും (പോലീസ്/ ആംബുലൻസ്/ Fire and Rescue department കൾ), അടുത്ത ആശുപത്രി അന്വേഷിക്കും.  അവിടെ കഴിഞ്ഞു ഒട്ടു  മിക്കവർക്കും ഉത്തരവാദിത്തം. പ്രശനം അതല്ല,  എന്താണ് നമുക്ക് ചെയ്യേണ്ടതെന്ന് ഒരു പരിശീലനം സാധാരണക്കാരന് ലഭിച്ചിട്ടില്ല. കൈ തൊട്ട് കുളമാക്കാൻ ആരും ആഗ്രഹിക്കില്ലല്ലൊ. 

ഈ പോസ്റ്റ് വായിക്കുന്ന  നമ്മളിൽ എത്രപേർക്ക്  നേരാംവണ്ണം ഒരു പ്രഥമശുശ്രൂഷ നൽകാൻ കഴിയും? തൃശ്ശൂർ വിയ്യൂരിൽ ഒരു Civil Defence Training Institute   വരുന്നുണ്ടെത്രെ!!  എന്നാലും civil defense (സിവിൽ ഡിഫൻസ്) എന്താണന്ന് നമ്മളിൽ ഒട്ടുമിക്കവർക്കും പിടിയില്ല, എന്തിന് അതിന് പറ്റിയ ഒരു മലയാളം പദം പോലും നമ്മൾക്കില്ല. റിഫൈനറികളിലും  വലിയ വ്യവസായശാലകളിലും ഇതിനു പ്രാധാന്യം കൊടുക്കുന്നു എന്നത്   വിസ്മരിക്കുന്നില്ല. ഒട്ടു മിക്ക ഓഫീസുകളിലും ചട്ടങ്ങൾ പാലിക്കുവാൻ  മാത്രം ഒരു ചടങ്ങെന്ന പോലെ ചിലർക്ക് പരിശീലനം കൊടുക്കുന്നതോടെ ആ അദ്ധ്യായം അടയ്ക്കാറാണു പതിവ്.  എപ്പോൾ വേണങ്കിലും  ഒരു ദുരന്തം പ്രതീക്ഷിക്കേണ്ട ഇക്കാലത്ത്  നമുക്ക് ഇതൊക്കെ കുറച്ചെങ്കിലും അറിഞ്ഞേ പറ്റൂ. 

അതവിടെ നിൽക്കട്ടേ . രക്ഷാ പ്രവർത്തനത്തിന്റെ ഫോട്ടോകൾ ഫേസ്ബുക്കിലും മറ്റും പ്രചരിച്ചു. വാർത്ത അറിഞ്ഞവർ  അതിലവരെ അനുമോദിക്കുകയാണു വേണ്ടത്, അതിനുപറ്റിയില്ലങ്കിൽ അവരെ പരിഹസിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതാണോ. 
കാക്കി ട്രൗസർ അണിഞ്ഞു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത് ആണു് ചിലരെ ചൊടിപ്പിച്ചത്. ഫോട്ടോ എടുത്ത് പ്രശസ്തി പറ്റാനാണോ ഇത് എന്ന് ചിലർ. “യഥാര്‍ത്ഥത്തില്‍ നന്മ ചെയുന്നവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നുണ്ടോ “ എന്നൊക്കെ കമന്റി. ട്രൗസർ ഇടുവാൻ വീട്ടിൽ പോയ സമയം പാഴാക്കിയതിലാണു ചിലർക്കു പരിഭവം.

ഈ അവസരങ്ങളിൽ തങ്ങളുടെ പ്രവർത്തകരെ തിരിച്ചറിയുവാൻ വേണ്ടി ഗണവേഷം ധരിച്ചാണ് സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നത്  എന്ന് സംഘ് പ്രവർത്തകർ. മറു കമന്റ് എഴുതി.

അതോടെ കാക്കി ട്രൗസറിനെതിരെ കൂടുതൽ ആക്രമണവുമായി ചെമ്പട ഇളകി . ഒരു ബറ്റാലിയൻ സൈബർപോരാളികൾ    വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നതൊക്കെ പണ്ട്; ഇപ്പോൾ  " വിപ്ലവം മൗസിൻ ക്ലിക്കിലൂടെ ""വിപ്ലവം   ടച്ച് സ്ക്രീനിലൂടെ "എന്നൊക്കെയാണ്. (ഇതാണോ ഡിജിറ്റൽ റവലൂഷൻ ) കൂട്ടത്തിൽ കോൺഗ്രസ്സ്  ലീഗനുഭാവികളും പൊതുശത്രുവിനെതിരെ ഒന്നിച്ചു.

 ഈ ആറെസ്സസ്സ് കാർ ഹൊസൂരിൽ എന്ത് തെറ്റാ ചെയ്തത് എന്നതിനു ഒരു ഉത്തരവും ഇല്ല. നമ്മുടെ പ്രബുദ്ധത അത്രയേ ഉള്ളോ?

കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ 80 കളിൽ പ്രചാരത്തിലുള്ള നർമ്മകഥ ഇപ്രകാരം. വൈകീട്ട് ഒരമ്പല പറമ്പിൽ കുറച്ച് കുട്ടികൾ പന്ത് കളിക്കുകയായിരുന്നു. ലോംഗ് ഷോട്ടിൽ പന്ത് ദൂരെപ്പൊയി, പന്തിനു പുറകേ ഓടിയ ഒരു കുട്ടി ഒരു പൊട്ട കിണറ്റിൽ വീണു. കുട്ടികൾ അലറിക്കരഞ്ഞു. കരച്ചിൽ കേട്ട്  ആദ്യം ഓടിയെത്തിയത് അമ്പലപറമ്പിൽ എവിടയോ ഉണ്ടായിരുന്ന  ആറെസ്സസ്സ് പ്രവർത്തകരായിരുന്നു. പെട്ടന്നു തന്നെ കുട്ടിയെ കിണറ്റിൽ നിന്നും രക്ഷിച്ചതിനാൽ കുട്ടിക്കൊന്നും സംഭവിച്ചില്ല.

പിറ്റെന്ന് എല്ലാ പത്രങ്ങളിലും ഈ സംഭവം (പ്രാദേശിക) വാർത്തയായി വന്നു. എന്നാൽ ദേശാഭിമാനിയിൽ വാർത്ത ഇപ്രകാരം ആയിരുന്നു. ‘കിണറ്റിൽ വീണ പിഞ്ചുബാലനെ ആറെസ്സസ്സ്ഗുണ്ടകൾ രക്ഷപ്പെടുത്തി.’

വിചിത്രമായ  വാർത്തയെക്കുറിച്ച് കൂടുതൽ അറിയാൻ ദേശാഭിമാനിപ്രസ്സിൽ സിപിഎംകാർ അടക്കം ആളുകൾ നേരിട്ട് എത്തി. പ്രസ്സിലെ അച്ചു് നിരത്തുന്ന ജീവനക്കാർ ആ രഹസ്സ്യം പുറത്തുവിട്ടു , ദിനപ്പത്രം അടിക്കുന്ന പ്രസ്സുകളിൽ കമ്പോസിംഗ്  പണി എളുപ്പമാക്കുവാൻ വേണ്ടി പതിവായി  ഉപയോഗിക്കുന്ന പദങ്ങൾ അക്ഷരങ്ങൾക്കും പകരം പദങ്ങളായി, അതായത് ഒറ്റബ്ലൊക്ക് (ഉദാ:- ഹൈക്കോടതി, തിരുവനന്തപുരം, നമ്പൂതിരിപ്പാട്) ആയി  ഉണ്ടാക്കി വയ്ക്കാറുണ്ട് .     
എന്നാൽ  ദേശാഭിമാനി പ്രസ്സിൽ മാത്രം “ആറെസ്സസ്സ്ഗുണ്ടകൾ” ഒറ്റബ്ലൊക്ക് ആണത്രെ. 

ശേഷം ഭാഗം സ്ക്രീനിൽ......

ആരാന്റെ വീട്ടിലെ കല്യാണത്തിനു ഉണ്ണാൻ വാ, ഞാനെന്റെ മിടുക്ക് വിളമ്പി കാണിക്കാം എന്ന് പണ്ടാരോ വീമ്പ് പറഞ്ഞതായി  കേട്ടിട്ടുണ്ട്. ദില്ലിയിൽ ആം ആദ്മി പാർട്ടിക്കാർ അതാണ് ചെയ്യുന്നത് എന്ന് ബിജേപ്പിക്കാരുടെ പരിഹാസം.


സൗജന്യമായി വെള്ളവും വൈദ്യുതിയും വാഗ്ദാനം ചെയ്താണ് AAP അഥവാ ആം ആലസീ പാർട്ടി AK67 (Aravind Kejariwal 67 seats) ആയി ദില്ലി പിടിച്ചത് പോലും.


സൗജന്യമായി വൈദ്യുതി തരാമെന്ന് വാഗ്ദാനം കൊടുത്ത ആം ആദ്മിക്കാർ ഇതൊക്കെ എങ്ങനെ  നടപ്പാക്കും എന്നൊന്നും ആലോചിച്ചുകാണില്ലാ എന്നാണ് ഫെബ്രുവരി 16നു മോദിസ്സാർ പ്രസ്താവിച്ചത്. അദ്ദേഹം പറയുന്നത് ശരിയുമാണ്; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേണം ദില്ലിക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാന്‍. ഈ സാഹചര്യത്തില്‍ സൗജന്യമായി വൈദ്യുതി കൊടുക്കും എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ ആരാന്റെ പറമ്പിലെ പുല്ലും കണ്ട് പശുവിനെ വാങ്ങിയതു പോലെ ആയി.


എന്നാലും എവിടേയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ.  പ്രകടന പത്രികയിൽ സൗജന്യ വൈദ്യുതി തരാം എന്നു് ആപ്പ് ഒരിടത്തും പറഞ്ഞിട്ടില്ല. യൂണിറ്റിനു നാലു രുപയാണ് ദില്ലിയിൽ വൈദ്യുതി നിരക്ക് (0-200 വരെ) പകുതി വിലയ്ക്ക് അതായത് രണ്ടു രൂപക്ക് എന്നാണ് ആം അദ്മി പാർട്ടിയുടെ വാഗ്ദാനം. BJPയുടെ ദില്ലി മേധാവി കാരണമാണ് അന്യായമായ വൈദ്യുതി വില വന്നതെന്നു പറഞ്ഞ ആംഅദ്മി പാർട്ടി ദില്ലിസർക്കാർ സ്വന്തമായി വൈദ്യുതിനിലയം സ്ഥാപിക്കുമെന്നും  വൈദ്യുതി വിതരണ കമ്പനികൾ സിഏജി യെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കുമെന്നും  ദില്ലിയെ സോളാർ നഗരമാക്കും എന്നൊക്കെ വിശദമായി പറയുന്നുമുണ്ട്.


പ്രകടന പത്രികകളിൽ  വിദ്യുച്ഛക്തി 
എറ്റവും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്തത് കോൺഗ്രസ്സ് ആയിരുന്നു യൂണിറ്റിനു ഒന്നര രൂപ, ദില്ലിക്കാർ ആരും അതു മൈൻഡ് ചെയ്തില്ല എന്നുമാത്രം.


ബിജേപ്പിയാണെങ്കിലോ തൊട്ടു തൊടീച്ച് വെള്ളം വൈദ്യുതി ശുചിത്വം ഇവകളിൽ “ഫോക്കസ്(?)” ചെയ്യുമെന്നാണ് പറഞ്ഞത്. നാലു രൂപയിൽ ഒരൊറ്റപൈസ്സ കുറക്കില്ല എന്നു സാരം. 


മോദിസ്സാറിന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെ പാരകൾ ഒരോന്നായി എത്തിത്തുടങ്ങി. തരാനുള്ള കുടിശ്ശിക (381 കോടി രൂപയിലധികം വരും) തുക ഒരാഴ്ചക്കകം കിട്ടിയില്ലങ്കിൽ കറണ്ട്കട്ടു ചെയ്യുമെന്നു ദാമോദർ വാലി കോർപ്പറേഷൻ പുതിയ ദില്ലി സർക്കാരിന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു


ദില്ലിയിൽ ഇനി സംഭ്രമ ജനകമായ നാളുകൾ വരുന്നു, സിഏജി ഓഡിറ്റ്  നടത്തിയാൽ  വൈദ്യുതി നിരക്ക് കുറയുമോ (പകരം ഒരു എനർജി ഓഡിറ്റ് നടത്തിയാൽ ഗുണം കിട്ടിയേക്കും) . കേജരിവാൾ പുതിയ വൈദ്യുതിനിലയം സ്ഥാപിക്കുമോ, അതിനെത്ര നാൾ  പിടിക്കും. അതുവരെ മോദി സർക്കാർ വൈദ്യുതിസബ്സിഡി കൊടുക്കുമോ? കേജരിവാളിനെ വട്ടം കറക്കാനേ മോദി സർക്കാരിന് താല്പര്യം കാണൂ. ദില്ലി സംസ്ഥാനത്തിനു മാത്രം കൊടുത്താൽ  മറ്റു സംസ്ഥാനങ്ങളും സബ്സിഡി ആവശ്യപ്പെടില്ലേ? അംബാനിക്കെതിരെ കേസുമായിപ്പോയാൽ അംബാനി  കമ്പനിയായ BSES വൈദ്യുതി വിതരണത്തിൽ കുഴപ്പം വല്ലതും വരുത്തിവയ്ക്കുമോ?ദില്ലി രാജ്യതലസ്ഥാനമാണെന്നോർക്കണം!       

വാഗ്ദാനം പാലിക്കാതെ വന്നാൽ  കേജരിവാൾ എന്തു ചെയ്യും?രാജിവച്ചിട്ടൊഴിഞ്ഞു പോകില്ലാ എന്ന് ജനങ്ങൾക്ക് വാക്കു കൊടുത്തിട്ടുമുണ്ടല്ലോ അദ്ദേഹം,


ശേഷം ഭാഗം സ്ക്രീനിൽ…
paravuranil 16II2015

Thursday, 12 February 2015

ആപ്പോ പാരയോ

ഒരു മുത്തശ്ശികഥ ഓർമ്മ വന്നു. പണ്ടോരു വിരുതൻ അയൽപക്കത്തു നിന്നും ഒരു പാത്രം കടമായി ചോദിച്ചുവാങ്ങി, രണ്ടുമൂന്നു ദിവസം കഴിഞ്ഞ് തിരികെ കൊടുക്കുമ്പോൾ പാത്രത്തിന്റെ കൂടൊരു പുത്തൻ കുഞ്ഞുപാത്രം കൂടി വയ്ക്കുന്നു. ഇതെന്താ എന്നു ചോദിച്ചപ്പോളിങ്ങനെ പറഞ്ഞു “ അങ്ങയ്ക്കു നന്ദി. താങ്കളുടെ പാത്രം ഇന്നലെ പ്രസവിച്ചു, അതിനാൽ ഈ കുട്ടിപ്പാത്രത്ത്ന്റെ ഉടമ അങ്ങ് മാത്രമാണ്; അത് സ്വീകരിച്ചാലും” അയൽക്കാരൻ അതു വാങ്ങി വച്ചിട്ട്  പറഞ്ഞു  ‘ ങാ, ശരിയാ, ഞാൻ തരുമ്പോൾ  ആ പാത്രം  ഗർഭിണിയായിരുന്നു.”. പാത്രം കൊടുക്കലും മാറലും ഒന്നോരണ്ടോ തവണ കൂടി തുടർന്നു. നാളുകൾക്കു ശേഷം ഒരു ദിവസം വീട്ടിൽ വലിയ ഒരു വിശേഷാവസരം വരുന്നുണ്ടെന്ന് പറഞ്ഞ് അയൽവാസിയുടെ വീട്ടിലുള്ള സകല പാത്രങ്ങളും  ഓട്- ചെമ്പ്- പിത്തള- അലൂമിനിയ- സ്റ്റീൽ- വെള്ളി എന്തിനു് സ്വർണ്ണ പാത്രങ്ങൾ വരെ ഈ വിരുതൻ കടംവാങ്ങി കൊണ്ടുപോയി.

ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും പാത്രങ്ങളൊന്നും തിരിച്ചു കിട്ടിയില്ല. സഹികെട്ട് പാത്രങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ വിരുതൻ പറഞ്ഞു സോറീ   സർ, അങ്ങയുടെ എല്ലാ പാത്രങ്ങളും മാരകമായ പകർച്ചവ്യാധി വന്നു ചത്തു പോയി.

വിരുതനുമായി ഘോരഘോരം വാദിച്ചു നോക്കി, കെഞ്ചി നോക്കി, പി സി ജോർജ്ജ് മാതൃകയിൽ വിരട്ടൽ, പിതൃപൂജ എല്ലാം നോക്കി. പക്ഷേ പാത്രങ്ങൾ തിരികേ കിട്ടിയില്ല. അവസാനം നാടുവാഴിയ്ക്ക് പരാതി കൊടുത്തു, നാടുവാഴി വിധിച്ചു “പാത്രത്തിനു പ്രസവിക്കാമെങ്കിൽ മരിക്കുകയും ചെയ്യും. കേസ്  ഡിസ്മിസ്സ്ഡ്” അതിയാൻ  പ്ലിംഗ്.  

ടൈംസ് ഓഫ് ഇന്ത്യ മോദി സാറിനിട്ടു കൊടുത്തപണി കണ്ടപ്പോഴാണു് ഇക്കഥ വീണ്ടുമോർത്തത്.

മോദി സാർ (ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ) പ്രധാനമന്ത്രി പദത്തിലേക്കുള്ള ജൈത്ര യാത്രക്കിടയിലായിരുന്നു ഉത്തരാഖണ്ഡിൽ ശോചനീയമായ പ്രളയ ദുരന്തമുണ്ടായത്. മീഡിയകളിൽ അതു മാത്രമായിരുന്നു വാർത്ത. അപ്പോൾ എൿണോമിക്സ് ടൈംസിൽ, ടൈംസ് ഓഫ് ഇന്ത്യഗ്രൂപ്പ് 23 ജൂൺ, 2013,നു ഒരു കാച്ചു കാച്ചി (നക്കാപ്പിച്ച വല്ലതും കിട്ടിയോ എന്തോ?) ഉത്തരാഖണ്ഡിൽപ്രളയത്തിൽ ഒറ്റപെട്ടുപോയ 15000, ഒന്നും രണ്ടുമല്ല പതിനഞ്ചായിരം ഗുജറാത്തികളെ തിരഞ്ഞ് പിടിച്ച്മോദി രക്ഷപ്പെടുത്തിയെത്രേ!! അഞ്ച് IAS, ഒരു IPS  അടക്കം മുതിർന്ന ഉദ്യോഗസ്ഥന്മാർ നേതൃത്വം കൊടുക്കുന്ന സ്പെഷ്യൽ ടാസ്ക് ഫോർസ്, ഇന്നൊവ കാർ 80 എണ്ണം, ലക്ഷറി ബസ് 25 എണ്ണം.
തീർന്നില്ല ബൂയിംഗ് വിമാനങ്ങൾ നാലെണ്ണം. 

സ്പെഷ്യൽ ടാസ്ക് ഫോർസ്, മെഡിക്കൽ ടീം, വൻ വാഹനനിര, മൈക്രോ മാനേജ്മെന്റ്, പാര ഡ്രോപ്പിങ്ങ്…..……… അക്ഷൗണി പടയെ വർണ്ണിക്കാൻ വാക്കുകൾ പോരാതെ വന്നു. സോഷ്യൽ മീഡിയ ഷെയർ ചെയ്തു, ചാനൽ ചർച്ചകളിൽ പ്രതിഫലിച്ചു  ഫലമോ? മോദി സാറിനൊരു ഉഗ്രൻ ‘റാംമ്പോ” ഇമേജ് തന്നെ കിട്ടി.

നമ്മുടെ ഉമ്മച്ചൻ അടക്കം പല മുഖ്യന്മാർക്കും ഞങ്ങൾ ഉണ്ണാക്കന്മാരാണോ എന്നുവരെ തോന്നിപ്പോയി. താമസിയാതെ ചില സൈ.ബു കൾ (സൈബർ ബുദ്ധിജീവികൾ) വാർത്തയെ ചോദ്യം ചെയ്തു , ഹെലിക്കോപ്റ്റർ പോലും ഇറക്കാൻ പറ്റാത്തിടത്ത്   നാല് ബൂയിംഗ് വിമാനങ്ങൾ എവിടെ- എങ്ങിനെ- ആര്- എപ്പോൾ- ഇറക്കി?

ഒരു ഇന്നൊവയിൽ ഏഴു് പേർക്ക് മാത്രം കയറാം, ബസ്സിൽ അമ്പതും, കണക്ക് മാച്ചാകുന്നില്ലല്ലോ? ദുരന്തബാധിത പ്രദേശത്തുനിന്നും ഗുജറാത്തികളെ മാത്രം എങ്ങിനെ കണ്ടുപിടിച്ചൂ.  ഡോഗ് സ്ക്വാഡ് ഇറങ്ങിയോ? ഈ 15000 ഗുജറാത്തികളും വല്ല വാട്ട്സാപ്പ് ഗ്രൂപ്പും ഉപയോഗിച്ചിരുന്നോ? ഗൂഗിൾ പ്ലേസ്റ്റോറിൽ പുതിയ ആപ്പ് വന്നോ (ഫൈൻഡ് എ ഗുജ്ജു എന്നോ വല്ലതും )  ? പുതിയ സെർച്ച് എഞ്ചിൻ വിപണിയിൽ എത്തിയോ?

പണി പാളുമെന്നായപ്പോൾ സാക്ഷാൽ രാജ്നാഥ് സിംഗ് വന്നു പറഞ്ഞു  ഇങ്ങിനെയൊരു സംഭവം നടന്നിട്ടു തന്നേയില്ല.  എൿണോമിക്സ് ടൈംസിൽ മൂന്നാംനാൾ തിരുത്തും വന്നു, കുറ്റം മുഴുവനും ലേഖകന്റെ പിടലിക്ക് ചാർത്തിയുംവച്ചു. മോദി സാറിനു കിട്ടിയ ‘റാംമ്പോ”  ഇമേജിനു മങ്ങലൊന്നും വന്നതുമില്ല
     
അതിനു ശേഷം ഗംഗാനദിയിൽ ഗാലൻ കണക്കിനു വെള്ളം കുത്തിയൊഴുകി.   മോദി സാർ ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആയി.
/എക്സ്ക്യൂസ് മി; ഒരു കുനിഷ്ട് ഇതിനിടയ്ക്ക് ഒന്നു കുത്തികേറ്റിക്കോട്ടെ, പ്ലീസ് -ലോകത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും ജനാധിപത്യ രാജ്യങ്ങൾ ഇപ്പോൾ ഭരിക്കുന്നത് പിന്നോക്ക ജാതിക്കാരാണല്ലൊ, വർഗ്ഗസ്നേഹം
കാണിക്കാൻ അവർ അന്യോന്യം ഓരോ ഭവനസന്ദർശനം നടത്തി /.              ,

വല്ല്യേട്ടനെയും ചേട്ടത്തിയമ്മയേം കൂടെ വന്ന വലിയ പ്രമാണികൾക്കു മുന്നിൽ ഒന്നു ഷൈൻ ചെയ്യാനാൻ പറ്റിയ ഒരു കോട്ടുംസൂട്ടും തുന്നാനാണ് അഹമ്മദാബാദിലെ സ്ഥിരം  തുന്നക്കാരൻ ബിപിൻ ചൗഹാനോടു പറഞ്ഞത്. ഫ്രീ ആയിട്ടാണ് ജേഡ് ബ്ലൂവിലെ തുന്നക്കാർ സാധനം തയ്ച്ച്കൊടുത്തതെത്രെ, പേരു തുന്നിചേർത്ത കോട്ട്. വെടിക്കെട്ട് സാധനം രാഹുൽ പയലോ അമിതാഭ് ബച്ചനൊ എന്തിന് വിജയ് മല്ല്യ  വരെ ഇങ്ങിനൊരണ്ണത്തെക്കുറിച്ച് കേട്ടിട്ടു പോലും ഉണ്ടാകില്ല.


അങ്ങിനേയാണ് 2015 റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് ലോകത്തിലെ ഏറ്റവും വിലപിടിച്ച കോട്ട് അണിഞ്ഞത്. ഒരു മില്യൻ ₹ ആണ് BBC യിലെ സായ്പ്പന്മാർ ഇട്ടവില, അതിലും കൂടുതൽ വില പറഞ്ഞവരും ഉണ്ട്, പക്ഷെ ഇപ്പൊഴും അമുൽ കുടിച്ചു നടക്കുന്ന അവർക്കൊന്നും ഒരു ക്രെഡിബിലിറ്റിയും ഇല്ലന്നേ!
  
ടൈംസ് ഓഫ് ഇന്ത്യവീണ്ടും എട്ടിന്റെ പണി കൊടുത്തു, എഴുതി മോദി ധരിച്ചത് യൂറോപ്പിൽ നിർമ്മിച്ചത്, ലക്ഷങ്ങൾ വിലമതിക്കുന്ന ഡിസൈനർ സൂട്ട്, ഹൊസ്നി മുബാരക്ക്,  അഢംഭരപ്രിയൻ, കേട്ടതുപാതി കേൾക്കാത്തതു പാതി സോഷ്യൽ മീഡിയ, ബ്ലോഗർമാർ,  വില കൂട്ടിയെഴുതിയെഴുതി 5ലക്ഷം₹ 6ലക്ഷം  8ലക്ഷം   15 ലക്ഷം₹ വരെപോയി!!!

ചില വിരുതന്മാർ കുറച്ചു കൂടി കടുപ്പിച്ചു; ഹൊസ്നി മുബാരക്ക്,  ആഢംഭരപ്രിയൻ, കമ്മ്യൂണലിസ്റ്റ്, ഫാസിസ്റ്റ്, റാസിസ്റ്റ്,(പ്രാസം നോക്കി “ന്യൂജെൻ”ന്മാർ  റേപ്പിസ്റ്റെന്നെഴുതാത്തത് നല്ലകാര്യം) പിന്നെ കഷായത്തിൽ ചുക്ക് എന്ന പോലെ “ശൂലം ഗർഭിണി ഗോദ്ര അയോദ്ധ്യ”

പതിവ് തെറ്റിച്ചില്ല, ദിവസങ്ങൾ കഴിഞ്ഞ് ടൈംസ് ഓഫ് ഇന്ത്യ  പതുക്കെപറഞ്ഞു; സോ സോറി. ഒരു മൂലയിലെ ഇത്തിരി പോന്ന തിരുത്ത് ആരു വായിക്കാൻ, അതേറ്റ് പിടിച്ചവരോട് എങ്ങിനെ പറഞ്ഞു മനസ്സിലാക്കാൻ.

ഇനി ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. ഇതിനിടയിൽ ഡെൽഹി ഇലക്ഷൻ കുശാലായി നടന്നു. ഡെൽഹിക്കാർ കയറ്റിയ ആപ്പ് എങ്ങിനെ ഊരും. ആപ്പ് 5 കൊല്ലം  കയറിയ ഊരിൽ ഇരുന്നാലും മതിയായിരുന്നു, പക്ഷെ അതിപ്പം അവിടം കൊണ്ട് നിൽക്കുമെന്നു് തോന്നുന്നില്ല മുന്നോട്ട് തന്നെ കയറും.



anielparur 12II2015