വഴക്കുപക്ഷി

ജാലകം

Monday, 16 February 2015

ശേഷം ഭാഗം സ്ക്രീനിൽ......

ആരാന്റെ വീട്ടിലെ കല്യാണത്തിനു ഉണ്ണാൻ വാ, ഞാനെന്റെ മിടുക്ക് വിളമ്പി കാണിക്കാം എന്ന് പണ്ടാരോ വീമ്പ് പറഞ്ഞതായി  കേട്ടിട്ടുണ്ട്. ദില്ലിയിൽ ആം ആദ്മി പാർട്ടിക്കാർ അതാണ് ചെയ്യുന്നത് എന്ന് ബിജേപ്പിക്കാരുടെ പരിഹാസം.


സൗജന്യമായി വെള്ളവും വൈദ്യുതിയും വാഗ്ദാനം ചെയ്താണ് AAP അഥവാ ആം ആലസീ പാർട്ടി AK67 (Aravind Kejariwal 67 seats) ആയി ദില്ലി പിടിച്ചത് പോലും.


സൗജന്യമായി വൈദ്യുതി തരാമെന്ന് വാഗ്ദാനം കൊടുത്ത ആം ആദ്മിക്കാർ ഇതൊക്കെ എങ്ങനെ  നടപ്പാക്കും എന്നൊന്നും ആലോചിച്ചുകാണില്ലാ എന്നാണ് ഫെബ്രുവരി 16നു മോദിസ്സാർ പ്രസ്താവിച്ചത്. അദ്ദേഹം പറയുന്നത് ശരിയുമാണ്; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേണം ദില്ലിക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാന്‍. ഈ സാഹചര്യത്തില്‍ സൗജന്യമായി വൈദ്യുതി കൊടുക്കും എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ ആരാന്റെ പറമ്പിലെ പുല്ലും കണ്ട് പശുവിനെ വാങ്ങിയതു പോലെ ആയി.


എന്നാലും എവിടേയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ.  പ്രകടന പത്രികയിൽ സൗജന്യ വൈദ്യുതി തരാം എന്നു് ആപ്പ് ഒരിടത്തും പറഞ്ഞിട്ടില്ല. യൂണിറ്റിനു നാലു രുപയാണ് ദില്ലിയിൽ വൈദ്യുതി നിരക്ക് (0-200 വരെ) പകുതി വിലയ്ക്ക് അതായത് രണ്ടു രൂപക്ക് എന്നാണ് ആം അദ്മി പാർട്ടിയുടെ വാഗ്ദാനം. BJPയുടെ ദില്ലി മേധാവി കാരണമാണ് അന്യായമായ വൈദ്യുതി വില വന്നതെന്നു പറഞ്ഞ ആംഅദ്മി പാർട്ടി ദില്ലിസർക്കാർ സ്വന്തമായി വൈദ്യുതിനിലയം സ്ഥാപിക്കുമെന്നും  വൈദ്യുതി വിതരണ കമ്പനികൾ സിഏജി യെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കുമെന്നും  ദില്ലിയെ സോളാർ നഗരമാക്കും എന്നൊക്കെ വിശദമായി പറയുന്നുമുണ്ട്.


പ്രകടന പത്രികകളിൽ  വിദ്യുച്ഛക്തി 
എറ്റവും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്തത് കോൺഗ്രസ്സ് ആയിരുന്നു യൂണിറ്റിനു ഒന്നര രൂപ, ദില്ലിക്കാർ ആരും അതു മൈൻഡ് ചെയ്തില്ല എന്നുമാത്രം.


ബിജേപ്പിയാണെങ്കിലോ തൊട്ടു തൊടീച്ച് വെള്ളം വൈദ്യുതി ശുചിത്വം ഇവകളിൽ “ഫോക്കസ്(?)” ചെയ്യുമെന്നാണ് പറഞ്ഞത്. നാലു രൂപയിൽ ഒരൊറ്റപൈസ്സ കുറക്കില്ല എന്നു സാരം. 


മോദിസ്സാറിന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെ പാരകൾ ഒരോന്നായി എത്തിത്തുടങ്ങി. തരാനുള്ള കുടിശ്ശിക (381 കോടി രൂപയിലധികം വരും) തുക ഒരാഴ്ചക്കകം കിട്ടിയില്ലങ്കിൽ കറണ്ട്കട്ടു ചെയ്യുമെന്നു ദാമോദർ വാലി കോർപ്പറേഷൻ പുതിയ ദില്ലി സർക്കാരിന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു


ദില്ലിയിൽ ഇനി സംഭ്രമ ജനകമായ നാളുകൾ വരുന്നു, സിഏജി ഓഡിറ്റ്  നടത്തിയാൽ  വൈദ്യുതി നിരക്ക് കുറയുമോ (പകരം ഒരു എനർജി ഓഡിറ്റ് നടത്തിയാൽ ഗുണം കിട്ടിയേക്കും) . കേജരിവാൾ പുതിയ വൈദ്യുതിനിലയം സ്ഥാപിക്കുമോ, അതിനെത്ര നാൾ  പിടിക്കും. അതുവരെ മോദി സർക്കാർ വൈദ്യുതിസബ്സിഡി കൊടുക്കുമോ? കേജരിവാളിനെ വട്ടം കറക്കാനേ മോദി സർക്കാരിന് താല്പര്യം കാണൂ. ദില്ലി സംസ്ഥാനത്തിനു മാത്രം കൊടുത്താൽ  മറ്റു സംസ്ഥാനങ്ങളും സബ്സിഡി ആവശ്യപ്പെടില്ലേ? അംബാനിക്കെതിരെ കേസുമായിപ്പോയാൽ അംബാനി  കമ്പനിയായ BSES വൈദ്യുതി വിതരണത്തിൽ കുഴപ്പം വല്ലതും വരുത്തിവയ്ക്കുമോ?ദില്ലി രാജ്യതലസ്ഥാനമാണെന്നോർക്കണം!       

വാഗ്ദാനം പാലിക്കാതെ വന്നാൽ  കേജരിവാൾ എന്തു ചെയ്യും?രാജിവച്ചിട്ടൊഴിഞ്ഞു പോകില്ലാ എന്ന് ജനങ്ങൾക്ക് വാക്കു കൊടുത്തിട്ടുമുണ്ടല്ലോ അദ്ദേഹം,


ശേഷം ഭാഗം സ്ക്രീനിൽ…
paravuranil 16II2015

1 comment:

  1. ആം ആദ്മി പാർട്ടി സിന്ദാബാദ്,

    ReplyDelete