വഴക്കുപക്ഷി

ജാലകം

Monday, 16 February 2015

ആറെസ്സസ്സ്ഗുണ്ടകൾ ഒറ്റപ്പദമാകുമ്പോൾ.

ഹൊസൂരിനറടുത്ത് നാലു മലയാളികളടക്കം ഒമ്പത്  ജീവൻ പൊലിഞ്ഞ വെള്ളിയാഴ്ച്ചത്തെ ബംഗലൂരു എറണാകുളം  തീവണ്ടിയപകടം ആരും വിചാരിക്കാത്ത ചെറിയൊരു വിവാദത്തിലേക്ക് നമ്മളെ എത്തിക്കുന്നു


വിജനമായ സ്ഥലത്താണ് അപകടം നടന്നത്. ഇത് സർക്കാർ (പോലിസ്, ദുരന്ത നിവാരണസേന) രക്ഷാപ്രവർത്തനങ്ങൾ വൈകിച്ചു. രക്ഷാപ്രവർത്തനത്തിന് ആദ്യം പാഞ്ഞെത്തിയവരിൽ നാട്ടുകാരും സേവാഭാരതി (ആറെസ്സസ്സ്) പ്രവർത്തകരും ഉണ്ടായിരുന്നെത്രേ  അതൊരു  നല്ല കാര്യം തന്നെ ,സംശയമില്ല . മനുഷ്യത്വം തീരെ വറ്റാത്ത ആരും ഇത്തരം അവസരത്തിൽ ചെയ്യുമായിരുന്ന കാര്യം മാത്രമാണ് അവരും അപ്പൊഴവിടെ ചെയ്തത് 

ഇത്തരം കാര്യങ്ങളിൽ മുൻപരിചയവും, പരിശീലനവും ലഭിച്ച അവർക്ക് സംഘടിത രക്ഷാപ്രവര്‍ത്തനം അനായസ്സമായിരുന്നു എന്നു മാത്രം. പോലിസ്, ദുരന്ത നിവാരണസേനക്കരുടെ പണി എളുപ്പമായി.



അപകട സ്ഥലങ്ങളിൽ നമ്മൾ  ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? 100/ 101/ 102 ൽ ഫോൺ ചെയ്യും (പോലീസ്/ ആംബുലൻസ്/ Fire and Rescue department കൾ), അടുത്ത ആശുപത്രി അന്വേഷിക്കും.  അവിടെ കഴിഞ്ഞു ഒട്ടു  മിക്കവർക്കും ഉത്തരവാദിത്തം. പ്രശനം അതല്ല,  എന്താണ് നമുക്ക് ചെയ്യേണ്ടതെന്ന് ഒരു പരിശീലനം സാധാരണക്കാരന് ലഭിച്ചിട്ടില്ല. കൈ തൊട്ട് കുളമാക്കാൻ ആരും ആഗ്രഹിക്കില്ലല്ലൊ. 

ഈ പോസ്റ്റ് വായിക്കുന്ന  നമ്മളിൽ എത്രപേർക്ക്  നേരാംവണ്ണം ഒരു പ്രഥമശുശ്രൂഷ നൽകാൻ കഴിയും? തൃശ്ശൂർ വിയ്യൂരിൽ ഒരു Civil Defence Training Institute   വരുന്നുണ്ടെത്രെ!!  എന്നാലും civil defense (സിവിൽ ഡിഫൻസ്) എന്താണന്ന് നമ്മളിൽ ഒട്ടുമിക്കവർക്കും പിടിയില്ല, എന്തിന് അതിന് പറ്റിയ ഒരു മലയാളം പദം പോലും നമ്മൾക്കില്ല. റിഫൈനറികളിലും  വലിയ വ്യവസായശാലകളിലും ഇതിനു പ്രാധാന്യം കൊടുക്കുന്നു എന്നത്   വിസ്മരിക്കുന്നില്ല. ഒട്ടു മിക്ക ഓഫീസുകളിലും ചട്ടങ്ങൾ പാലിക്കുവാൻ  മാത്രം ഒരു ചടങ്ങെന്ന പോലെ ചിലർക്ക് പരിശീലനം കൊടുക്കുന്നതോടെ ആ അദ്ധ്യായം അടയ്ക്കാറാണു പതിവ്.  എപ്പോൾ വേണങ്കിലും  ഒരു ദുരന്തം പ്രതീക്ഷിക്കേണ്ട ഇക്കാലത്ത്  നമുക്ക് ഇതൊക്കെ കുറച്ചെങ്കിലും അറിഞ്ഞേ പറ്റൂ. 

അതവിടെ നിൽക്കട്ടേ . രക്ഷാ പ്രവർത്തനത്തിന്റെ ഫോട്ടോകൾ ഫേസ്ബുക്കിലും മറ്റും പ്രചരിച്ചു. വാർത്ത അറിഞ്ഞവർ  അതിലവരെ അനുമോദിക്കുകയാണു വേണ്ടത്, അതിനുപറ്റിയില്ലങ്കിൽ അവരെ പരിഹസിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതാണോ. 
കാക്കി ട്രൗസർ അണിഞ്ഞു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത് ആണു് ചിലരെ ചൊടിപ്പിച്ചത്. ഫോട്ടോ എടുത്ത് പ്രശസ്തി പറ്റാനാണോ ഇത് എന്ന് ചിലർ. “യഥാര്‍ത്ഥത്തില്‍ നന്മ ചെയുന്നവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നുണ്ടോ “ എന്നൊക്കെ കമന്റി. ട്രൗസർ ഇടുവാൻ വീട്ടിൽ പോയ സമയം പാഴാക്കിയതിലാണു ചിലർക്കു പരിഭവം.

ഈ അവസരങ്ങളിൽ തങ്ങളുടെ പ്രവർത്തകരെ തിരിച്ചറിയുവാൻ വേണ്ടി ഗണവേഷം ധരിച്ചാണ് സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നത്  എന്ന് സംഘ് പ്രവർത്തകർ. മറു കമന്റ് എഴുതി.

അതോടെ കാക്കി ട്രൗസറിനെതിരെ കൂടുതൽ ആക്രമണവുമായി ചെമ്പട ഇളകി . ഒരു ബറ്റാലിയൻ സൈബർപോരാളികൾ    വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നതൊക്കെ പണ്ട്; ഇപ്പോൾ  " വിപ്ലവം മൗസിൻ ക്ലിക്കിലൂടെ ""വിപ്ലവം   ടച്ച് സ്ക്രീനിലൂടെ "എന്നൊക്കെയാണ്. (ഇതാണോ ഡിജിറ്റൽ റവലൂഷൻ ) കൂട്ടത്തിൽ കോൺഗ്രസ്സ്  ലീഗനുഭാവികളും പൊതുശത്രുവിനെതിരെ ഒന്നിച്ചു.

 ഈ ആറെസ്സസ്സ് കാർ ഹൊസൂരിൽ എന്ത് തെറ്റാ ചെയ്തത് എന്നതിനു ഒരു ഉത്തരവും ഇല്ല. നമ്മുടെ പ്രബുദ്ധത അത്രയേ ഉള്ളോ?

കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ 80 കളിൽ പ്രചാരത്തിലുള്ള നർമ്മകഥ ഇപ്രകാരം. വൈകീട്ട് ഒരമ്പല പറമ്പിൽ കുറച്ച് കുട്ടികൾ പന്ത് കളിക്കുകയായിരുന്നു. ലോംഗ് ഷോട്ടിൽ പന്ത് ദൂരെപ്പൊയി, പന്തിനു പുറകേ ഓടിയ ഒരു കുട്ടി ഒരു പൊട്ട കിണറ്റിൽ വീണു. കുട്ടികൾ അലറിക്കരഞ്ഞു. കരച്ചിൽ കേട്ട്  ആദ്യം ഓടിയെത്തിയത് അമ്പലപറമ്പിൽ എവിടയോ ഉണ്ടായിരുന്ന  ആറെസ്സസ്സ് പ്രവർത്തകരായിരുന്നു. പെട്ടന്നു തന്നെ കുട്ടിയെ കിണറ്റിൽ നിന്നും രക്ഷിച്ചതിനാൽ കുട്ടിക്കൊന്നും സംഭവിച്ചില്ല.

പിറ്റെന്ന് എല്ലാ പത്രങ്ങളിലും ഈ സംഭവം (പ്രാദേശിക) വാർത്തയായി വന്നു. എന്നാൽ ദേശാഭിമാനിയിൽ വാർത്ത ഇപ്രകാരം ആയിരുന്നു. ‘കിണറ്റിൽ വീണ പിഞ്ചുബാലനെ ആറെസ്സസ്സ്ഗുണ്ടകൾ രക്ഷപ്പെടുത്തി.’

വിചിത്രമായ  വാർത്തയെക്കുറിച്ച് കൂടുതൽ അറിയാൻ ദേശാഭിമാനിപ്രസ്സിൽ സിപിഎംകാർ അടക്കം ആളുകൾ നേരിട്ട് എത്തി. പ്രസ്സിലെ അച്ചു് നിരത്തുന്ന ജീവനക്കാർ ആ രഹസ്സ്യം പുറത്തുവിട്ടു , ദിനപ്പത്രം അടിക്കുന്ന പ്രസ്സുകളിൽ കമ്പോസിംഗ്  പണി എളുപ്പമാക്കുവാൻ വേണ്ടി പതിവായി  ഉപയോഗിക്കുന്ന പദങ്ങൾ അക്ഷരങ്ങൾക്കും പകരം പദങ്ങളായി, അതായത് ഒറ്റബ്ലൊക്ക് (ഉദാ:- ഹൈക്കോടതി, തിരുവനന്തപുരം, നമ്പൂതിരിപ്പാട്) ആയി  ഉണ്ടാക്കി വയ്ക്കാറുണ്ട് .     
എന്നാൽ  ദേശാഭിമാനി പ്രസ്സിൽ മാത്രം “ആറെസ്സസ്സ്ഗുണ്ടകൾ” ഒറ്റബ്ലൊക്ക് ആണത്രെ. 

2 comments:

  1. വിപ്ലവം മൗസിൻ ക്ലിക്കിലൂടെ. LOL

    ReplyDelete